ചമ്പക്കുളം: നെടുമുടി ഗ്രാമപഞ്ചായത്തിലെ 10, 11 വാർഡുകളെ തമ്മിൽ വേർതിരിക്കുന്ന കൊക്കരാക്കൽ-മുല്ലാക്കൽ ക്ഷേത്രം റോഡ് പുനരുദ്ധാരണത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട് നാട്ടുകാർ. തോമസ് ചാണ്ടി എംഎൽഎയായിരുന്ന കാലത്താണ് ഈ റോഡിന്റെ നിർമാണം നടന്നത്.
പടഹാരം പാലം നിർമാണത്തോടനുബന്ധിച്ച് മതിമഠം മുതൽ കൊക്കരാക്കൽ ക്ഷേത്രം വരെയുള്ള ഭാഗത്തെ ടാറിംഗ് പൂർത്തിയാക്കി. ബാക്കി കേവലം 275 മീറ്റർ നീളമുള്ള റോഡിന്റെ അവസ്ഥ തികച്ചും ദയനീയമാണ്. ഒരു മഴ പെയ്താൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാണ്. കുട്ടനാടിന്റെ തനത് കാർഷിക സംസ്കാരവുമായി ഏറെ ബന്ധപ്പെട്ടതും, സാംബവ വിഭാഗത്തിന്റെ കുട്ടനാട്ടിലെ വളരെ പ്രധാനപ്പെട്ട ഒരു ക്ഷേത്രവുമാണ് മുല്ലാക്കൽ ക്ഷേത്രം. കൂടാതെ ഈ റോഡ് കടന്നുപോകുന്നത് യാത്രാസൗകര്യമില്ലാത്ത ഓണാട് കോളനിയെ കൂടി ബന്ധിപ്പിച്ചാണ്. ഈ റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമാകാത്ത വിധം കുണ്ടും കുഴിയുമായി മാറിയിട്ടുണ്ട്. നിരവധിതവണ അപേക്ഷ സമർപ്പിച്ചിട്ടും റോഡിന്റെ അവസ്ഥക്ക് മാറ്റമൊന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുട്ടനാട് എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് റോഡ് ടാർ ചെയ്യാൻ പൊതുമരാമത്ത് വകുപ്പ് 25 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്കിയിരുന്നു. എന്നാൽ നാളിതുവരെയും ഫണ്ട് അനുവദിച്ചിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നില്ക്കുമ്പോൾ തുടർനടപടികൾ പൂർത്തിയാക്കി റോഡു പണി നടക്കുമെന്ന പ്രതീക്ഷ നാട്ടുകാർക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നൂറുകണക്കിന് കുട്ടികളും സാധാരണക്കാരും ഉൾപ്പെടെ നിരവധി ആളുകളാണ് ഇതു വഴി ദിവസേന സഞ്ചരിക്കുന്നത്. മഠത്തിൽ മുല്ലാക്കൽ പാടശേഖരത്തിലെ നെല്ല് സംഭരണംനടത്തുന്നതിന് വാഹനങ്ങൾ എത്തേണ്ടതും ഇതുവഴിയാണ്. ഈ റോഡിന്റെ നിർമാണത്തിൽ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.